ഇസ്ലാമോഫോബിയയും കേരളത്തിലെ അപരനിർമ്മിതിയുടെ രാഷ്ട്രീയവും
സാമ്രാജ്യത്വ അധിനിവേശ യുക്തികളും ഹിന്ദുത്വ രാഷ്ട്രീയവും ഇഴചേർന്ന് രൂപപ്പെടുത്തിയെടുത്ത രാഷ്ട്രീയ-പ്രത്യയശാസ്ത്ര രൂപമാണ് ഇന്ന് ഇന്ത്യയിലെ ഇസ്ലാമോഫോബിയ അഥവാ ഇസ്ലാംഭീതി. മതേതരത്വത്തിന്റെയും പ്രബുദ്ധതയുടെയും മാതൃകയായി കേരളം വാഴ്ത്തപ്പെടുമ്പോഴും, കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലം മുസ്ലിംവിരുദ്ധ ആഖ്യാനങ്ങളും അപരനിർമ്മിതിയുടെ രാഷ്ട്രീയവും വ്യത്യസ്ത രൂപങ്ങളിൽ പ്രകടമാക്കിക്കൊണ്ടിരിക്കുകയാണ്. സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും സംഘപരിവാർ ശക്തികളും മാത്രമല്ല, ഇടതുപക്ഷ-"പുരോഗമന" പ്രസ്ഥാനങ്ങളും താൽക്കാലിക രാഷ്ട്രീയ ലാഭങ്ങൾക്കായി കേരളത്തെ വർഗ്ഗീയമായി ധ്രുവീകരിക്കുകയാണെന്ന് വിശകലനം ചെയ്യുകയാണ് കാലിക്കറ്റ് സർവ്വകലാശാല മുൻ പ്രൊഫസറും ചിന്തകനുമായ പ്രൊഫ. പി.കെ. പോക്കർ.
കേരളത്തിൽ ഇസ്ലാമോഫോബിയ (ഇസ്ലാം ഭീതി) ഇന്ന് അതിന്റെ പാരമ്യത്തിലേക്ക് എത്തിനിൽക്കുകയാണ്. വാസ്തവത്തിൽ ഇത് കേരളത്തിൽ മാത്രം ഉണ്ടായ ഒരു സവിശേഷ പ്രതിഭാസമല്ല. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ആഗോളതലത്തിൽ തന്നെ ഇസ്ലാമോഫോബിയ ഒരു പ്രത്യയശാസ്ത്ര രൂപം എന്ന നിലയിൽ പ്രവർത്തിക്കാൻ തുടങ്ങിയത് നമുക്ക് കാണാൻ പറ്റും. കാരണം അമേരിക്കൻ സാമ്രാജ്യത്വത്തെ സംബന്ധിച്ചിടത്തോളം പല താല്പര്യങ്ങൾ അതിന്റെ പിന്നിൽ ഉണ്ടായിരുന്നു. ഒന്ന്, വൻശക്തിയായ കമ്മ്യൂണിസ്റ്റ് രാജ്യം എന്നുള്ള ഒരു എതിർശക്തി ഇല്ലാതായി; അതിന് പകരം വെക്കാനുള്ള ഒരു ശത്രു കൃത്യമായി നിർമ്മിക്കപ്പെടണമായിരുന്നു. അവർക്ക് പകരം വെറുക്കാൻ ഒരു ശത്രു വേണം എന്ന നിലയിലാണ് ആഗോളതലത്തിൽ തന്നെ ഇസ്ലാമാണ് ഈ നാഗരികതയുടെ ശത്രു എന്ന രീതിയിലുള്ള ഒരു ആഖ്യാനം അവർ ഉണ്ടാക്കിയെടുത്തത്.
അപ്പോൾ, ഇസ്ലാമാണ് ശത്രു എന്ന് വെറുതെ പറയാൻ പറ്റില്ലല്ലോ. ഇസ്ലാമിനെ ശത്രുവാക്കണമെങ്കിൽ അതിനെ ഭീകരവൽക്കരിക്കണം, ചെകുത്താൻവൽക്കരിക്കണം. അതിനായി, നിരന്തരമായി ആഗോളതലത്തിൽ ഒരുപാട് പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. ഒട്ടനവധി പണ്ഡിതരും ആക്ടിവിസ്റ്റുകളും ഇതിനെക്കുറിച്ച് കൃത്യമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. സോവിയറ്റ് അനന്തര കാലഘട്ടത്തിൽ ആഗോളതലത്തിൽ തന്നെ ഇസ്ലാംഭീതി എന്നുള്ളത് ഒരു പ്രത്യയശാസ്ത്ര രൂപമായി തന്നെ പ്രവർത്തിച്ചു വരികയാണ്. അതുകൊണ്ടാണ് ഗസയിൽ വംശഹത്യ നടത്തുമ്പോൾ, ഈ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ഇസ്രായേലിന് പിന്തുണ കൊടുത്തുകൊണ്ട് ചരിത്രത്തിൽ ആദ്യമായി മീറ്റിംഗുകൾ സംഘടിപ്പിക്കാൻ ആളുകൾക്ക് കഴിഞ്ഞത്. ഇത് കഴിഞ്ഞ വർഷം നമ്മൾ നേരിട്ട് കണ്ട ഒരു സംഭവമാണ്.
മറുപുറത്ത്, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇസ്ലാംഭീതി എന്നുള്ളത് ഈ സോവിയറ്റ് അനന്തര പ്രതിഭാസമല്ല. അത് യഥാർത്ഥത്തിൽ വി.ഡി. സവർക്കറിൽ ആവിർഭവിക്കുകയും ആർ.എസ്.എസിലൂടെ ഇന്ത്യ മുഴുവൻ വ്യാപിക്കുകയും ചെയ്തിട്ടുള്ള ഒരു പ്രത്യയശാസ്ത്ര രൂപമാണ്. ഇപ്പോൾ കേരളത്തിൽ ഉണ്ടായിട്ടുള്ള, വെള്ളാപ്പള്ളി നടേശൻ ഉയർത്തിയിട്ടുള്ള സംവാദത്തോടും വിവാദത്തോടും അനുബന്ധിച്ച് വന്ന ചില പോസ്റ്റുകൾ ഒക്കെ ശ്രദ്ധിച്ചപ്പോൾ അതിൽ ഇന്ത്യയുടെ വിഭജനത്തെക്കുറിച്ച് പലരും വളരെ തെറ്റായി എഴുതിയത് കാണാനിടയായി. അത്തരത്തിൽ ഇന്ത്യാ വിഭജനത്തിലേക്ക് നയിച്ചിട്ടുള്ള 'ടു നേഷൻ തിയറി' (രണ്ട് ദേശ സിദ്ധാന്തം) യഥാർത്ഥത്തിൽ വി.ഡി. സവർക്കറുടെ സംഭാവനയായിരുന്നു. ഇവിടുത്തെ ബ്രാഹ്മണ സവർണ്ണ ഹിന്ദു സംസ്കാരവുമായി ഇസ്ലാമിന് പൊരുത്തപ്പെടാൻ കഴിയില്ലെന്നും അത് മറ്റൊരു സംസ്കാരമാണെന്നും; അതുകൊണ്ട് രണ്ട് ദേശമാകാം എന്ന പരികൽപ്പന വളരെ കൃത്യമായി മുന്നോട്ടുവെച്ചതും പിന്നീട് സംഘടനാടിസ്ഥാനത്തിൽ തന്നെ സംഘപരിവാർ ശക്തികൾ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയിട്ടുള്ളതുമായ നിലപാട് വി.ഡി. സവർക്കറുടേത് ആണ്. ഈ ഒരു പ്രതിഭാസം ആർ.എസ്.എസിന്റെ ആവിർഭാവ കാലം മുതൽ ഇപ്പോഴും ഇന്ത്യയിലുടനീളം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു അപരനിർമ്മിതിയാണ്. ഒരുതരത്തിലുള്ള ചെകുത്താൻവൽക്കരണമാണ് എന്ന് സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് ഇതുകൂടി ഇവിടെ ചേർത്തുപറയുന്നത്.
ഇന്ത്യയിലെമ്പാടും ആയിരക്കണക്കിന് ശാഖകളിലൂടെ സംഘപരിവാർ നിരന്തരം പ്രക്ഷേപിച്ചുകൊണ്ടിരുന്ന ഒരു പ്രധാനപ്പെട്ട സന്ദേശം മുസ്ലിം വിരോധം അല്ലെങ്കിൽ ഇസ്ലാം വിരോധം എന്നുള്ളതാണ്. നമ്മുടെ കേരളത്തിൽ നിന്ന് ആർ.എസ്.എസ് എന്ന സംഘടനയിൽ 5 വയസ്സുമുതൽ 35 വയസ്സുവരെ പ്രവർത്തിച്ച സുധീഷ് മിന്നി, അദ്ദേഹം ആ പ്രസ്ഥാനം ഉപേക്ഷിച്ച ശേഷം എഴുതിയ പുസ്തകത്തിൽ പരസ്യപ്പെടുത്തിയിട്ടുള്ളതും യൂട്യൂബിലും മറ്റും ഇപ്പോഴും ലഭ്യമായിട്ടുള്ളതുമായ പ്രഭാഷണങ്ങളിൽ രണ്ട് കാര്യങ്ങൾ കൃത്യമായി പറയുന്നുണ്ട്. ഒന്ന്, ഒരു അബ്രാഹ്മണ വ്യക്തിയെ സംബന്ധിച്ചിടത്തോളം സത്യം മനസ്സിലായാൽ ഈ സംഘടനയിൽ നിൽക്കാൻ കഴിയില്ല എന്നത്. തീയ്യനായി ജനിച്ചുവളർന്ന അദ്ദേഹം നാഗ്പൂരിൽ പോയതിനെക്കുറിച്ചും, എങ്ങനെയാണോ അദ്ദേഹത്തിന് മറ്റൊരു പ്രദേശത്ത് സംഘപരിവാർ ഏൽപ്പിച്ച ഒരു ചുമതല നിർവഹിക്കാൻ വേണ്ടി പൂണൂൽ ധരിച്ച് യാത്ര ചെയ്യേണ്ടി വന്നത് എന്നും അദ്ദേഹം വിവരിക്കുന്നുണ്ട്. അപ്പോൾ ഈ പൂണൂൽ ധരിപ്പിക്കുന്നത് സംഘപരിവാർ പ്രവർത്തനം നടത്താൻ ആവശ്യമായ ബ്രാഹ്മണരെ ലഭ്യമാകാത്ത സന്ദർഭങ്ങളിൽ അച്ചടക്കമുള്ള, വിധേയരായിട്ടുള്ള ഇതിന്റെ പ്രവർത്തകരെ മറ്റു സമുദായക്കാരാണെങ്കിലും ബ്രാഹ്മണനാണ് എന്ന വേഷത്തിൽ മാറ്റിയെടുക്കാനാണ്. അങ്ങനെ മാത്രമേ മറ്റു ഓഫീസുകളിലേക്ക് അയാളെ അയക്കാൻ പറ്റുകയുള്ളൂ, അല്ലെങ്കിൽ അവർ സ്വീകരിക്കില്ല എന്ന് അയാൾ കൃത്യമായി പറയുന്നു.
അതുപോലെ സുധീഷ് മിന്നി അതേ പുസ്തകത്തിലും അതേ പ്രഭാഷണ പരമ്പരകളിലും പറയുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം, സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ അയാൾ നിരന്തരം പരിശീലിച്ചുവന്ന ഒരു കാര്യം മുസ്ലിം വിരോധമാണ് എന്നാണ്. അങ്ങനെ ഒരു കുട്ടിയെ മാരകമായി അടിച്ചു പരിക്കേൽപ്പിച്ച സംഭവം അയാൾ തന്നെ വിശദീകരിക്കുന്നുണ്ട്. ഏഴാം ക്ലാസിലോ മറ്റോ സ്കൂൾ മാറിയ സമയത്ത് അടുത്തിരിക്കുന്ന തൊപ്പി ധരിച്ച കുട്ടിയെ കാണുമ്പോൾ അയാളുടെ മനസ്സിൽ വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസ്ഥ സംജാതമാവുകയും, അത് അദ്ദേഹത്തിന്റെ കാര്യവാഹ് ആയിട്ടുള്ള ഒരു ചേട്ടന്റെ അടുത്ത് പോയി പറഞ്ഞപ്പോൾ, അദ്ദേഹം ഈ ഭക്ഷണം കഴിക്കാൻ കൊണ്ടുപോകുന്ന പ്ലേറ്റ് ഉപയോഗിച്ച് അവന്റെ തലയ്ക്ക് അടിക്കാൻ പറഞ്ഞതും അങ്ങനെയുള്ള സംഭവമൊക്കെ സുധീഷ് മിന്നി—ഇപ്പോഴും വളരെ സജീവമായി കണ്ണൂർ ജില്ലയിൽ ജീവിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം—വിശദീകരിച്ചത് നമുക്ക് കാണാൻ പറ്റും.
എം.എസ്.സി. മാത്തമാറ്റിക്സ് കഴിഞ്ഞ് പുറത്തുവന്നപ്പോൾ അദ്ദേഹത്തിന് കൊടുത്ത—അദ്ദേഹത്തിന് മാത്രമല്ല അതുപോലുള്ള ആളുകൾക്ക് ഇവർ സംഘടനാപരമായി കൊടുത്തിട്ടുള്ള ഒരു നിർദ്ദേശം—ഈ മുസ്ലിം അല്ലെങ്കിൽ ക്രിസ്ത്യൻ വിദ്യാലയങ്ങളിൽ ജോലി സ്വീകരിച്ച് അവിടെ ആ സ്ഥാപനത്തെ തകർക്കുന്ന ശ്രമങ്ങൾ വളരെ ഗൂഢമായി ചെയ്യുക എന്ന ദൗത്യമായിരുന്നു എന്ന് അദ്ദേഹം പ്രത്യേകം പറയുന്നുണ്ട്. അദ്ദേഹം ഗണിതശാസ്ത്രത്തിൽ പി.ജി. ഉള്ള ആളാണ്. വേദിക് മാത്തമാറ്റിക്സ് ഉൾപ്പെടെ ഇതിന്റെ ഭാഗമായി പ്രത്യേകം പഠനം നടത്തിയിട്ടുള്ള ആളാണ്, നല്ല കഴിവുള്ള ആളാണ്. പക്ഷേ ഇത്രമാത്രം മനുഷ്യത്വഹീനമായിട്ടുള്ള, വംശീയ വിദ്വേഷകേന്ദ്രീകൃതമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി അഞ്ച് വയസ്സ് മുതൽ പ്രവർത്തിക്കേണ്ടി വന്നതിനുള്ള ലജ്ജയും നിരാശയും ഒക്കെ പ്രകടിപ്പിക്കുന്ന ആ എഴുത്തും അതുപോലെ പ്രഭാഷണവും അദ്ദേഹം ഈ കേരളത്തിനു മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഇതൊക്കെ കേട്ടിട്ടും കണ്ടിട്ടും നമ്മുടെ കേരളത്തിലെ പുരോഗമന-മതേതര-ജനാധിപത്യവാദികൾ ഇന്നത്തെ ഇന്ത്യയിലും കേരളത്തിലും എന്താണ് മുഖ്യ വിപത്തായി മാറുന്നത് എന്ന് പോലും തിരിച്ചറിയാത്തത് എന്തുകൊണ്ടാണ് എന്നത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. മലയാളത്തിൽ അച്ചടിച്ച്, പുറത്തിറങ്ങി ആദ്യത്തെ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ചുരുങ്ങിയത് പതിനായിരത്തിലേറെ കോപ്പികൾ വിറ്റഴിക്കപ്പെട്ട സുധീഷ് മിന്നിയുടെ പുസ്തകം കേരളത്തിൽ ലഭ്യമായിട്ടും വായിക്കപ്പെട്ടിട്ടും എന്തുകൊണ്ടാണ് ഈ തിരിച്ചറിവ് ഉണ്ടാകാത്തത്? അപരവിരോധവും ജാതീയതയും സവർണ്ണതയും ബ്രാഹ്മണികമായ മനുവാദകാല സങ്കല്പങ്ങളുമാണ് സംഘപരിവാർ മുന്നോട്ടുവെക്കുന്നത്. അതിനെ പിന്തുണയ്ക്കുന്നവർ ഏത് നേതാവായാലും ഏത് വലിയ വ്യക്തിയായാലും അവരെ പൂർണ്ണമായി തിരസ്കരിക്കാനുള്ള ആർജ്ജവം എന്തുകൊണ്ടാണ് ഇടതുപക്ഷത്തിനും മറ്റ് പുരോഗമന-മതേതര പ്രസ്ഥാനങ്ങൾക്കും ഇല്ലാതെ പോകുന്നത് എന്നതാണ് ഇപ്പോൾ ഉയർന്നുവരേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.
വെള്ളാപ്പള്ളി നടേശൻ മലപ്പുറം ജില്ലയെയും മുസ്ലിം സമുദായത്തെയും സംഘടനകളെയും പലഘട്ടങ്ങളിലായി ആവർത്തിച്ച് ഡെമണൈസ് (ഭീകരവൽക്കരിക്കുക) ചെയ്തിട്ടുണ്ട്. ജനാധിപത്യപരമായി മാറിമാറി വന്ന മുന്നണികളിൽ മുസ്ലിം-ക്രിസ്ത്യൻ സംഘടനകൾ ഭാഗമാവുകയും മന്ത്രിസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള പ്രധാന പദവികൾ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ യാഥാർത്ഥ്യം നിലനിൽക്കുമ്പോഴാണ് സുകുമാരൻ നായരോ വെള്ളാപ്പള്ളി നടേശനും ഒക്കെ വന്ന് തങ്ങളുടെ പ്രതിനിധികൾക്ക് വേണ്ടി സമ്മർദ്ദം ചെലുത്തുന്നത്. തങ്ങൾക്ക് അർഹതപ്പെട്ട പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെടുന്നതിലല്ല ഇവിടെ പ്രശ്നം. മറിച്ച്, ഈ പ്രത്യയശാസ്ത്രത്തിന്റെ ജാതികേന്ദ്രീകൃതവും വംശീയവുമായ വിദ്വേഷത്തിന്റെ യഥാർത്ഥ സ്വഭാവം മറ്റൊന്നാണ്. തങ്ങളുടെ ആവശ്യങ്ങൾ മുന്നോട്ടുവെക്കാൻ എപ്പോഴും അപരനെ സൃഷ്ടിക്കുകയും, അവരെ ശത്രുവായും ചെകുത്താനായും ചിത്രീകരിച്ച് ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയുമാണ് അവർ ചെയ്യുന്നത്. അതുകൊണ്ടാണ് ബ്രാഹ്മണിക പ്രത്യയശാസ്ത്രത്തിനകത്ത് സാഹോദര്യവും മൈത്രിയും അസാധ്യമായിത്തീരുന്നു എന്ന യാഥാർത്ഥ്യം നമ്മൾ കാണുന്നത്.
വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ആളുകൾക്ക് കേരളത്തിന്റെ പൊളിറ്റിക്സിൽ അവരുടേതായ അഭിപ്രായം ഉണ്ടാകാം. അത് എസ്.എൻ.ഡി.പിക്ക് ഒരു റെപ്രസന്റേഷൻ വേണമെന്നോ, എസ്.എൻ.ഡിപിയുമായി ബന്ധപ്പെട്ടുള്ള ആളുകൾക്ക് ഒരു പ്രാതിനിധ്യം വേണമെന്നോ, അവർക്ക് അർഹതപ്പെട്ട സ്ഥാനം വേണമെന്നോ ആവശ്യപ്പെടുകയാണെങ്കിൽ അത് നമുക്ക് തിരിച്ചറിയാൻ പറ്റും. പക്ഷേ വെള്ളാപ്പള്ളി നടേശൻ ഇന്ന് പ്രതിനിധാനം ചെയ്യുന്നത് ശ്രീനാരായണഗുരു മുന്നോട്ടുവെച്ച കാഴ്ചപ്പാടോ അതുമായി ബന്ധപ്പെടുന്ന മൈത്രി സങ്കല്പമോ അതുമായി ബന്ധപ്പെട്ടിട്ടുള്ള ബ്രാഹ്മണ്യ വിമർശനമോ അല്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റെടുക്കുന്ന ദൗത്യം, ഏറ്റെടുത്തുകൊണ്ടിരിക്കുന്ന ദൗത്യം അപരവിദ്വേഷ കേന്ദ്രീകൃതമായിട്ടുള്ള പ്രവർത്തനമാണ്. അത് വാസ്തവത്തിൽ വളരെ എളുപ്പത്തിൽ സംഘപരിവാറിലേക്കുള്ള പാലം ബഹുജനങ്ങൾക്കായി സൃഷ്ടിക്കുക എന്ന ഒരു കർത്തവ്യമാണ് നിർവഹിക്കുന്നത്.
കേരളത്തിലെ ഒരു നിശ്ചിത ശതമാനം ജനവിഭാഗം സംഘപരിവാറിന്റെ പക്ഷത്ത് നിലയുറപ്പിക്കുകയും അവർക്കൊപ്പം പ്രവർത്തിച്ച് അവരുടെ രാഷ്ട്രീയ സന്ദേശവാഹകരായി മാറുകയും ചെയ്യുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. അതേസമയം, മഹാഭൂരിപക്ഷം വരുന്ന കേരളത്തിലെ പൊതുസമൂഹം ഈ രാഷ്ട്രീയം സ്വീകരിക്കുന്നില്ല എന്നതിന് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വ്യക്തമായ തെളിവുകളുണ്ടായിരുന്നു. കഴിഞ്ഞകാല തെരഞ്ഞെടുപ്പ് അനുഭവങ്ങളിലേക്ക് നമ്മൾ സഞ്ചരിച്ചാൽ ഒരു വസ്തുത ബോധ്യപ്പെടും; വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരും സംഘപരിവാറും നിരന്തരം പ്രക്ഷേപിക്കുന്ന വിദ്വേഷത്തെ അതേപടി ഉൾക്കൊള്ളുന്ന ഒരു ജനവിഭാഗമല്ല കേരളത്തിലുള്ളത് എന്നതാണ് ആ യാഥാർത്ഥ്യം.
ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളും അപരവൽക്കരണങ്ങളും ചെകുത്താൻവൽക്കരണങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എങ്കിലും, എല്ലാവരും ഇപ്പോഴും എല്ലാ ഹോട്ടലുകളിലും കയറി എല്ലാത്തരം ഭക്ഷണവും കഴിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയിലൊക്കെ സംഭവിക്കുന്നത് പോലെ ആ രീതിയിൽ ഇവിടെ ജനങ്ങൾ അതിനെ സ്വീകരിക്കാത്തതിന് ഒരു കാരണം, നമ്മളിപ്പോൾ കോഴിക്കോട്ടെ ഏത് ഹോട്ടലിൽ കയറിയാലും അവിടെ എല്ലാ വിഭാഗം ആളുകളെയും കാണാൻ സാധിക്കും എന്നതാണ്. അവിടെ ജാതിയോ മതമോ നോക്കിയല്ല മനുഷ്യർ വരുന്നത്; നല്ല ബിരിയാണി കിട്ടിയാൽ സന്തോഷത്തോടെ കഴിക്കുന്ന ഒട്ടനവധി ആളുകൾ വിവിധ സമുദായങ്ങളിലുണ്ട്. എന്തിന് പറയുന്നു, വളരെ ഉയർന്ന ജാതിവിഭാഗങ്ങളിൽപ്പെടുന്നവർ പോലും ഇവിടുത്തെ ഹോട്ടലുകളിൽ ഇരുന്ന് സന്തോഷത്തോടെ നോൺ-വെജ് ഭക്ഷണം കഴിക്കുന്നത് കാണാം.
ഈ സന്ദർഭത്തിൽ ഞാൻ ഓർക്കുന്ന ഒരു സംഭവമുണ്ട്; ഉത്തരേന്ത്യയിലെ സാഞ്ചിയിലുള്ള ഒരു ഹോട്ടലിൽ ഞാനും എന്റെ രണ്ട് വിദ്യാർത്ഥി സുഹൃത്തുക്കളായ കൃഷ്ണനും സജിനേഷും ചിക്കൻ കഴിക്കാൻ വേണ്ടി പിന്നിലെ ഒരു മുറിയിൽ ഒളിഞ്ഞിരിക്കേണ്ടി വന്നിട്ടുണ്ട്. അത്തരമൊരു ഭീതിദമായ അവസ്ഥ കേരളത്തിൽ ഇല്ല എന്നത് ഇവിടുത്തെ ബഹുജനങ്ങൾ നേടിയെടുത്ത സാംസ്കാരിക അവബോധത്തിന്റെയും സാമൂഹിക ഉയർച്ചയുടെയും ഭാഗം തന്നെയാണ്. അത് ഉണ്ടാക്കിയെടുക്കുന്നതിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് വളരെ പ്രധാനപ്പെട്ടതുമാണ്. പക്ഷേ, ഇന്ന് ആ പാരമ്പര്യത്തിന്റെ തുടർച്ച സൂക്ഷിക്കുന്നതിനു പകരം, ഇത്തരത്തിലുള്ള സാമൂഹിക-സാംസ്കാരിക കാലുഷ്യങ്ങൾ നിരന്തരം വിതരണം ചെയ്യുന്ന വ്യക്തികളെ പിന്തുണയ്ക്കുകയും അവരെ സഖ്യകക്ഷികളായി കൊണ്ടുനടക്കുകയുമാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ചെയ്യുന്നത്.
വലിയ രീതിയിലുള്ള മുസ്‌ലിം വിദ്വേഷ പ്രചാരണം നടത്തുകയും അഴിമതി ആരോപണങ്ങൾ നിരന്തരം നേരിടുകയും ദുഷ്ടലാക്കോടെ കേരളത്തിൽ നിരന്തരം പ്രവർത്തിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശന്, വാസ്തവത്തിൽ അദ്ദേഹം പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന സംഘടനയ്ക്കകത്തോ സ്വന്തം സമുദായത്തിലോ പോലും യഥാർത്ഥ അംഗീകാരമുണ്ടെന്ന് കരുതാൻ കഴിയില്ല. അതിന് തെളിവാണ് അദ്ദേഹത്തിന്റെ മകന് പോലും ഇവിടെ ഒരു തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയാത്തത്. വെള്ളാപ്പള്ളിയുടെ ആഹ്വാനം അനുസരിച്ച് സമുദായത്തിലെ മനുഷ്യർ അദ്ദേഹത്തിന്റെ മകനോ അനുയായികൾക്കോ വോട്ട് ചെയ്തതിന് യാതൊരു തെളിവുമില്ല. മലപ്പുറത്ത് വന്ന് അങ്ങേയറ്റം ഹീനമായ ഭാഷയിൽ അദ്ദേഹം നടത്തിയ വർഗ്ഗീയ പരാമർശങ്ങളെ, അർഹിക്കുന്ന രീതിയിൽ തള്ളിക്കളയാനും തിരസ്കരിക്കാനുമുള്ള ചങ്കൂറ്റം വാസ്തവത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഉൾപ്പെടെയുള്ളവർ കാണിക്കേണ്ടതായിരുന്നു, അതുണ്ടായില്ല! ഇത്തരം വിഷയങ്ങളിൽ ഇടതു-വലതു മുന്നണികളിലെ ജനാധിപത്യ പ്രസ്ഥാനങ്ങൾ ഒരേപോലെ ജാഗ്രത പുലർത്തുകയും, വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുകയും ചെയ്യുക എന്നത് സമകാലിക കാലഘട്ടം അനിവാര്യമാക്കുന്ന ഒരു പ്രധാന ദൗത്യമാണ്.
ഇസ്ലാമോഫോബിയ ഇന്ന് കേരളത്തിൽ ആഴത്തിൽ വേരൂന്നിക്കൊണ്ടിരിക്കുകയാണ്. നമ്മൾ 1948 മുതലോ, അല്ലെങ്കിൽ അതിനേക്കാൾ പിന്നോട്ട് പോയി 1927 മുതൽ പരിശോധിച്ചാൽ ഒരു യാഥാർത്ഥ്യം കാണാം; അമേരിക്കയുടെയും യൂറോപ്പിന്റെയും പിന്തുണയോടെ ഇസ്രായേൽ ഫലസ്തീൻ മണ്ണ് അധീനപ്പെടുത്തിയിട്ടും, അവിടുത്തെ ന്യായമായ പ്രതിരോധത്തെപ്പോലും മനസ്സിലാക്കാൻ കഴിയാത്തവിധം കേരളത്തിലെ ജനങ്ങളിൽ ഒരു വലിയ വിഭാഗം ഇസ്രായേൽ-അമേരിക്കൻ പക്ഷത്തേക്ക് മാറിപ്പോയിട്ടുണ്ട്. ഇത് നമ്മൾ ഗൗരവമായി പരിശോധിക്കേണ്ട ഒരു കാര്യമാണ്. അധിനിവേശം എന്താണെന്നും ചെറുത്തുനിൽപ്പ് എന്താണെന്നും തിരിച്ചറിഞ്ഞ് ആ ചെറുത്തുനിൽപ്പിനോട് ഐക്യപ്പെടേണ്ടതുണ്ട്. ലോകമെമ്പാടും അറിയപ്പെടുന്ന പാരിസ്ഥിതിക പ്രവർത്തകയായ ഗ്രെറ്റ തുൻബെർഗിന്റെ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ പതിനായിരങ്ങൾ ഗസ അനുകൂല പ്രകടനങ്ങൾ നടത്തുകയും സഹായക്കപ്പലുകൾ അയക്കുകയും ചെയ്യുമ്പോൾ പോലും, കേരളത്തിലെ പുരോഗമനവാദികളും പ്രസ്ഥാനങ്ങളും ഹമാസിനെ മാത്രം കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. ഹമാസ് എന്ന ചെറുത്തുനിൽപ്പ് സംഘടനയ്ക്കാണ് ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം എന്ന രീതിയിൽ സംസാരിക്കുന്നവർ, വാസ്തവത്തിൽ കീഴടക്കപ്പെട്ട ഒരു രാജ്യത്തെ വൈദ്യുതിയും വെള്ളവും ഭൂമിയും അവരുടെ ജീവിക്കാനുള്ള അവകാശവും നിഷേധിക്കപ്പെട്ടു എന്ന് തിരിച്ചറിയാത്ത രീതിയിൽ അന്ധതയിലേക്ക് വഴുതിപ്പോയി.
ഇന്ത്യയിൽ സംഘപരിവാർ ശക്തികൾ രാജ്യത്തുടനീളം നിർമ്മിച്ചെടുത്ത ഇസ്ലാമോഫോബിയ ഒരു വശത്തും, മറുവശത്ത് ആഗോളതലത്തിൽ സാമ്രാജ്യത്വ അധിനിവേശ യുക്തിയുടെ ഭാഗമായി നിർമ്മിക്കപ്പെട്ട ഇസ്ലാം ഭീതിയും ഒത്തുചേർന്ന് പ്രവർത്തിക്കുമ്പോൾ യഥാർത്ഥത്തിൽ ഇസ്‌ലാംഭീതി അതിന്റെ ഒരു പാരമ്യത്തിലേക്ക് എത്തുകയാണ്. ഈ അവസ്ഥയെ കേരളത്തിൽ പ്രതിരോധിച്ചില്ലെങ്കിൽ നമ്മുടെ സൗഹൃദാന്തരീക്ഷവും വികസനവും പുരോഗതിയും തകർക്കപ്പെടുകയും, കേരളം സംഘപരിവാർ യുക്തിക്ക് കീഴടങ്ങുന്ന രീതിയിലേക്ക് മാറിയേക്കാം.
എന്നാൽ അങ്ങനെ മാറുക അത്ര എളുപ്പമല്ല. നമ്മൾ വിചാരിക്കുന്നത് പോലെ ഇസ്ലാമോഫോബിയ കൊണ്ട് മാത്രം ജയിക്കാൻ കഴിയുമായിരുന്നെങ്കിൽ ഈ ഇലക്ഷനിൽ ഇടതുപക്ഷത്തിന് ജയിക്കാൻ കഴിയാതിരിക്കേണ്ടതായിരുന്നു. പക്ഷേ ഇസ്ലാമോഫോബിയ കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടെങ്കിൽ ആ നേട്ടം സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് മാത്രമായിരിക്കും. ജനാധിപത്യ-പുരോഗമന പ്രസ്ഥാനങ്ങൾക്കോ ഇടതുപക്ഷത്തിനോ നേട്ടമുണ്ടാകണമെങ്കിൽ അവർ മർദ്ദിത ജനവിഭാഗങ്ങൾക്കും മർദ്ദിത രാഷ്ട്രങ്ങൾക്കും ഒപ്പം നിൽക്കണം. അധിനിവേശങ്ങൾക്കും അപരവൽക്കരണങ്ങൾക്ക് എതിരായി, ചെകുത്താൻവൽക്കരണങ്ങൾക്ക് എതിരായി സൂക്ഷ്മവും കൃത്യവുമായ നിലപാടുകൾ ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകാൻ ഈ പ്രസ്ഥാനങ്ങൾക്ക് കഴിയണം. തീർച്ചയായും ഈയൊരു ജാഗ്രത വരുംകാലമെങ്കിലും ഇടതുപക്ഷ പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും മറ്റ് ജനാധിപത്യ പ്രസ്ഥാനങ്ങളും ബഹുജൻ പ്രസ്ഥാനങ്ങളുമൊക്കെ ഐക്യപ്പെട്ടുകൊണ്ട് മുന്നോട്ട് പോകും എന്ന ഒരു പ്രത്യാശയാണ് വച്ചുപുലർത്തുന്നത്. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം വളരെ ജാഗ്രതയോടുകൂടി ഈ ഒരു സമീപനത്തിലേക്ക് പൂർണ്ണമായി പരിവർത്തിക്കപ്പെടും എന്ന് തന്നെയുള്ള ആഗ്രഹചിന്തയാണ് വെച്ചുപുലർത്തുന്നത്.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സവിശേഷ സാഹചര്യത്തിലാണ് കേരളത്തിൽ നവോത്ഥാന സമിതി രൂപപ്പെടുന്നതും, അതിന്റെ ചെയർമാനായി വെള്ളാപ്പള്ളി നടേശൻ അവരോധിക്കപ്പെടുന്നതും എന്ന് നമുക്കറിയാം. എന്നാൽ, തുടർന്നുണ്ടായ നാളുകളിൽ ഇതേ വെള്ളാപ്പള്ളി തന്നെ തികച്ചും ജനാധിപത്യവിരുദ്ധവും മതനിരപേക്ഷവിരുദ്ധവുമായ കലുഷമായ വർഗ്ഗീയ പരാമർശങ്ങൾ നടത്തിയ ഒട്ടനവധി സന്ദർഭങ്ങൾ കേരള രാഷ്ട്രീയത്തിലുണ്ടായി. മാധ്യമങ്ങൾ അത് സജീവമായി ചർച്ച ചെയ്തിട്ടും, കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളോ അതിന് നേതൃത്വം കൊടുക്കുന്ന സംഘടനയും ഗവൺമെന്റും ഒക്കെ തന്നെ അദ്ദേഹത്തെ നവോത്ഥാന സമിതിയിൽ നിന്ന് മാറ്റാനോ പരസ്യമായി തള്ളിപ്പറയാനും തയ്യാറായില്ല. ഇത് ഗുരുതരമായ ഒരു വീഴ്ചയായിരുന്നു എന്ന് തന്നെയാണ് മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർന്നുവരണമെന്ന് വിചാരിക്കുന്ന മുഴുവൻ മനുഷ്യരും അന്നുമുതൽ ഇന്നുവരെയും ആഗ്രഹിച്ചുകൊണ്ടിരിക്കുന്നത്.
അത്തരമൊരു തിരുത്തൽ നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ കൂടുതൽ സംരക്ഷിക്കുകയാണോ എന്ന് സംശയിക്കുന്ന രീതിയിലുള്ള ചങ്ങാത്തമാണ് ഇടതുപക്ഷം തുടർന്നത്. ഇത് ഒടുവിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിലേക്ക് വരെ കലാശിച്ചിട്ടുണ്ട് എന്ന് നമുക്ക് കരുതേണ്ടിവരും. കാരണം, കേരളത്തിലെ മുസ്ലിം ലീഗ് അല്ലെങ്കിൽ മുസ്ലിം സംഘടനകൾ പറയുന്ന സ്ഥലത്ത് മാത്രമല്ല, കേരളത്തിലെ മുസ്ലീങ്ങളും കേരളത്തിലെ മുസ്ലീങ്ങളല്ലാത്ത മതനിരപേക്ഷമായിട്ടുള്ള ഒരു വലിയ വിഭാഗം ജനങ്ങളും വോട്ട് ചെയ്യുന്നത്. സംഘടനകൾ പറയാത്ത, സംഘടനകൾക്ക് പുറത്ത് സ്വയം തീരുമാനമെടുത്ത് അവനവന്റെ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന ചുരുങ്ങിയത് പത്തിനും പതിനഞ്ചിനും ഇടയിൽ ശതമാനം വോട്ടർമാരുള്ള ഒരു സംസ്ഥാനമാണ് കേരളം എന്നുള്ളത് ഒരു നാലോ അഞ്ചോ തിരഞ്ഞെടുപ്പുകളുടെ ഡാറ്റ പരിശോധിച്ചുകഴിഞ്ഞാൽ ആർക്കും എളുപ്പം ബോധ്യപ്പെടാവുന്നതാണ്.
അതുകൊണ്ടാണ് ഞാൻ നേരത്തെ സൂചിപ്പിച്ചത്, ഇസ്ലാമോഫോബിയ കാരണം അല്ലെങ്കിൽ ഇസ്ലാമോഫോബിയയുടെ പക്ഷത്ത് നിലയുറപ്പിക്കുന്നു എന്നത് കൊണ്ട് വോട്ട് പോലും കിട്ടില്ല എന്ന് തെളിയിക്കാൻ ഈ ഇലക്ഷന് സമ്പൂർണ്ണമായി കഴിഞ്ഞു എന്ന്. കാരണം മറുപുറത്ത് പ്രത്യക്ഷത്തിൽ തന്നെ മുസ്ലിം സംഘടനകളുണ്ട്. മുസ്ലിം സംഘടനകളുടെ വോട്ടുകൾ കൊണ്ട് മാത്രം ഈ യു.ഡി.എഫിന് ഈ 102 സീറ്റുകൾ വാങ്ങാൻ കഴിയില്ല. ആ വോട്ടുകൾ കൊണ്ട് മാത്രം കേരളത്തിലെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ ഈ രീതിയിലുള്ള തെരഞ്ഞെടുപ്പ് ഫലം ഉണ്ടാക്കാൻ കഴിയില്ല. കണ്ണൂർ ജില്ല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഈ രീതിയിലുള്ള തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകുന്നത് ഉൾപ്പെടെ നമ്മൾ പരിശോധിച്ചുകഴിഞ്ഞാൽ, യഥാർത്ഥത്തിൽ കേരളത്തിലെ ഈ പറയുന്ന ഇസ്ലാംഫോബിക് ആയിട്ടുള്ള പ്രചരണങ്ങൾ സദുദ്ദേശപരമല്ലെന്നും അത് തികച്ചും താൽക്കാലികമായ ലാഭയുക്തിയുടെ അടിസ്ഥാനത്തിൽ മാത്രം നടത്തുന്നതാണെന്നും തിരിച്ചറിയുന്ന വലിയൊരു വിഭാഗം അമുസ്ലിങ്ങളായിട്ടുള്ള സെക്കുലർ (മതനിരപേക്ഷ) ആയിട്ടുള്ള മനുഷ്യർ കൂടി അതിവസിക്കുന്നതിന്റെ ഫലമാണെന്നും കൂടുതൽ കൂടുതൽ ബോധ്യപ്പെടുത്തിയ ഒരു തിരഞ്ഞെടുപ്പ് കൂടിയാണ് ഇവിടെ നടന്നു കഴിഞ്ഞിട്ടുള്ളത്.
അതുകൊണ്ട്, ഇനിയെങ്കിലും വാസ്തവത്തിൽ പുരോഗമന ജനാധിപത്യ ശക്തികളൊക്കെ തന്നെ ഇന്ത്യയുടെ ഈ ഒരു സാഹചര്യത്തെ തിരിച്ചറിയുകയും അതിനെ പ്രതിരോധിക്കാൻ വേണ്ടി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സംഘപരിവാർ വിരുദ്ധ മനോഭാവം വളർത്തിയെടുക്കുകയും സംഘർഷരഹിതമായിട്ടുള്ള പ്രാതിനിധ്യം എല്ലാ വിഭാഗങ്ങൾക്കും ഉറപ്പുവരുത്തുന്ന ജനാധിപത്യ സംവിധാനത്തെക്കുറിച്ച് നിരന്തരം സംസാരിക്കുകയും ചെയ്യുന്ന അന്തരീക്ഷമാണ് സജ്ജമാക്കേണ്ടത്.